ഏഴാം ക്ലാസ് യോഗ്യത മതി; കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ വീണ്ടും ജോലി ഒഴിവുകൾ, ഇപ്പോൾ തന്നെ അപേക്ഷിക്കൂ
തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്ന വിവിധ തസ്തികകളിലേക്ക് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ആനയറയിലെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ടെർമിനലിലാണ് കരാർ അടിസ്ഥാനത്തിൽ നിയമനം. ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്‌കിംഗ് ടെക്നിക്കൽ സൂപ്പർവൈസർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സുരക്ഷാ ജീവനക്കാർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി 2026 നവംബർ 2 ആണ്.
തസ്തികകളും യോഗ്യതകളും
1. ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്‌കിംഗ് ടെക്നിക്കൽ സൂപ്പർവൈസർ
പ്ലസ് ടു, ഐടിഐ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗിക്കുന്നതിൽ പ്രാവീണ്യം വേണം. കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഓഫീസ് സമയത്തിന് ശേഷവും ജോലി ചെയ്യാനും കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ യാത്ര ചെയ്യാനും തയ്യാറായിരിക്കണം. പ്രായപരിധി 21 മുതൽ 55 വയസ്സ് വരെ.
2. ഹൗസ് കീപ്പിംഗ് സ്റ്റാഫ്
ഏഴാം ക്ലാസ് പാസായിരിക്കണം. മലയാള ഭാഷയിൽ പരിജ്ഞാനവും ദൈനംദിന ശുചീകരണ ജോലികൾ നിർവഹിക്കാനുള്ള ശാരീരികക്ഷമതയും വേണം. പ്രായപരിധി 21–55 വയസ്സ്.
3. സുരക്ഷാ ജീവനക്കാർ
ഏഴാം ക്ലാസ് പാസായ പുരുഷന്മാർക്ക് അപേക്ഷിക്കാം. വായിക്കാനും എഴുതാനും അറിവുണ്ടായിരിക്കണം. വിമുക്തഭടന്മാർക്കും ബിഎസ്എഫ്, സിആർപിഎഫ് തുടങ്ങിയ സൈനിക, അർധസൈനിക വിഭാഗങ്ങളിൽ സേവനപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. പ്രവൃത്തിപരിചയം അഭികാമ്യമാണ്. പ്രായപരിധി 21–55 വയസ്സ്.
അപേക്ഷിക്കേണ്ട വിധം
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി നൽകണം. നേരിട്ടോ തപാൽ മുഖേനയോ നൽകുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
വെബ്‌സൈറ്റ്: https://www.cmd.kerala.gov.in/
അവസാന തീയതി: 2026 നവംബർ 2, വൈകിട്ട് 5 മണി.
