തിരുവനന്തപുരത്തും കോഴിക്കോടും ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി; താൽക്കാലിക നിയമനങ്ങളിൽ അവസരം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ
വിവിധ സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി പ്രോജക്ട് എക്സിക്യൂട്ടീവ്, സെക്ടർ കോ ഓർഡിനേറ്റർ, സീനിയർ റസിഡന്റ്, തുടങ്ങിയ തസ്തികകളിലേക്ക് അവസരങ്ങൾ. യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് താത്കാലിക, കരാർ, ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനങ്ങളിൽ അപേക്ഷിക്കാം.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റിൽ ഒഴിവ്
പ്രോജക്ട് എക്സിക്യൂട്ടീവ് – 1 ഒഴിവ്
എം.കോം അല്ലെങ്കിൽ ഫിനാൻസിൽ എം.ബി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. ബുക്ക് കീപ്പിങ്, അക്കൗണ്ടുകൾ തയ്യാറാക്കുന്നതിലും പരിപാലിക്കുന്നതിലും പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ബിസിനസ് ഡെവലപ്‌മെന്റ്, പ്രോജക്ട് സോഴ്‌സിങ് മേഖലകളിലെ പരിചയവും പരിഗണിക്കും. എം.എസ്. എക്സൽ, ടാലി, മറ്റ് അക്കൗണ്ടിങ് സോഫ്റ്റ്‌വെയറുകൾ എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണനയുണ്ട്.
പ്രായപരിധി: പരമാവധി 35 വയസ്
ശമ്പളം: ₹23,000–₹27,000
അവസാന തീയതി: ഓഗസ്റ്റ് 22
https://cmd.kerala.gov.in/wp-content/uploads/2026/08/Notification-Recruitment-Project-Executive.pdf
ക്ലീൻ കേരള കമ്പനിയിൽ സെക്ടർ കോ-ഓർഡിനേറ്റർ
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ സെക്ടർ കോ ഓർഡിനേറ്റർ തസ്തികയിൽ ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം ഏതെങ്കിലും സ്ഥാപനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്. മാലിന്യസംസ്കരണ രംഗത്ത് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി: പരമാവധി 50 വയസ്
ദിവസവേതനം: ₹840
യാത്രാബത്ത: ₹200
അഭിമുഖം: സെപ്റ്റംബർ 8 രാവിലെ 10ന്.
വേദി: ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം–10.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് നിയമനം. അടുത്ത ഒരു വർഷത്തിനിടെ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.
അഭിമുഖം: ഓഗസ്റ്റ് 24 രാവിലെ 11ന്
ക്രിട്ടിക്കൽ കെയർ മെഡിസിനിൽ പി.ജി. ഉള്ളവർക്കാണ് മുൻഗണന. ഈ വിഷയത്തിൽ പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ അനസ്‌തേഷ്യോളജി, ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ എന്നിവയിൽ പി.ജി. ഉള്ളവരെയും പരിഗണിക്കും. ടി.സി.എം.സി രജിസ്ട്രേഷനും ആവശ്യമാണ്. അഭിമുഖത്തിന് ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.
