താൽക്കാലികമെങ്കിലും നാട്ടിൽ തന്നെ സർക്കാർ ജോലി നേടാം; ഈ ആഴ്ച്ചയിൽ വന്നിട്ടുള്ള ഒഴിവുകൾ; കേരള സർക്കാർ വിജ്ഞാപനം
1. അപേക്ഷാ തീയതി നീട്ടി
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 31.12.2025-ൽ വിജ്ഞാപനം പുറപ്പെടുവിച്ച തിരുവിതാംകൂർ/ കൊച്ചി/ ഗുരവായൂർ/ കൂടൽമാണിക്യം ദേവസ്വങ്ങളിലെ 22 കാറ്റഗറി നമ്പരുകളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 20 വരെ ദീർഘിപ്പിച്ചു. അപേക്ഷകൾ സമർപ്പിക്കുന്നതിനായി www.kdrb.kerala.gov.in സന്ദർശിക്കുക.
2. എൻജിനിയറിംഗ് അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിങ് തീയേറ്ററിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദ യോഗ്യതയും റെക്കോർഡിങ് സ്റ്റുഡിയോയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള എൻജിനീയറിംഗ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ഒഴിവ് – 1. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 10ന് കോളേജിൽ വെച്ച് നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ മറ്റു അനുബന്ധ രേഖകൾ സഹിതം രാവിലെ 10ന് ഹാജരാകണം. ഫോൺ 0471 2323027.
3. നിയുക്തി മെഗാ തൊഴിൽ മേള: 176 പേർക്ക് നിയമനം
നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിംഗ്, പാപ്പനംകോട് വച്ച് സംഘടിപ്പിച്ച മെഗാ തൊഴിൽ മേളയിൽ 176 ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചു. 741 ഉദ്യോഗാർഥികളെ വിവിധ സ്ഥാപനങ്ങളിലേക്ക് നിയമനം നൽകുന്നതിനായി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. തൊഴിൽ മേളയിൽ ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ, റിലയൻസ്, എസ്.എസ് ഗ്രൂപ്പ്, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങി 59 പ്രമുഖ സ്ഥാപനങ്ങളും ആയിരത്തോളം ഉദ്യോഗാർഥികളും പങ്കെടുത്തു. എംപ്ലോയ്മെന്റ് ഡയറക്ടർ സുഫിയാൻ അഹമ്മദ് തൊഴിൽമേള ഉദ്ഘാടനം ചെയ്തു.
4. ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐ.യിൽ മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്‌സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് വിശ്വകർമ കാറ്റഗറിയിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്‌സിൽ ബി.വോക്ക്/ ഡിഗ്രി/ രണ്ട് വർഷ ഡിപ്ലോമ/ ഡി.ജി.റ്റി.യിൽ നിന്നും കരസ്ഥമാക്കിയ അഡ്വാൻസ്ഡ് ഡിപ്ലോമ (വോക്കേഷണൽ)/ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31 രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ- 04712459255.
5. അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ ഒഴിവുളള അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ഫെബ്രുവരി 2 രാവിലെ 11 ന് പരിയാരത്തുളള കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0497-2800167.
