ഫിഷറീസ് വകുപ്പിലും, എഞ്ചിനീയറിങ്ങിൽ കോളജിലും ജോലിയവസരം; വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്; കൂടുതലറിയാം
ഫിഷറീസ് വകുപ്പ്- അഡാക്
കേരള സർക്കാർ ഫിഷറീസ് വകുപ്പിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്ക്) എറണാകുളം സെൻട്രൽ റീജിയനു കീഴിലുള്ള ഇടക്കൊച്ചി ഫാമിലേക്ക് ഫാം ലേബറർമാരെ ദിവസവേതനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏഴാം ക്ലാസ് പൂർത്തിയാക്കിയ 45 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം, നീന്തൽ,വഞ്ചി തുഴയൽ എന്നിവ അറിയുന്നവരായിരിക്കണം. പ്രായോഗിക പരീക്ഷയുടെയും കൂടികാഴ്ചയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കൂടികാഴ്‌ചയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് സഹിതം ആഗസ്റ്റ് 12 ന് രാവിലെ 10.30 ന് ഗവ. ഫിഷ് ഫാം, ഇടക്കൊച്ചി ഓഫീസിൽ ഹാജരാകണം.
ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിൽ അധ്യാപക ഒഴിവ്
കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിൽ 2025-26 അക്കാദമിക് വർഷം കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ് വകുപ്പിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിൽ അവസരം. താൽക്കാലിക നിയമനത്തിന് പരിഗണിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 12.08.2025ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
വിലാസം: കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ് വകുപ്പ് മേധാവിയുടെ ഓഫീസ്.
കൂടുതൽ വിവരങ്ങൾക്ക് കോളജ് വെബ്‌സൈറ്റ് www.gcek.ac.in സന്ദർശിക്കുക.
ഐസിഫോസിൽ കരാർ ജോലി
ഐസിഫോസ് പ്രധാനപ്പെട്ട ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ.ഒ.റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് തുടങ്ങിയ പദ്ധതികളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസ്സോസിയേറ്റിന് കുറഞ്ഞത് നാലു വർഷത്തെയും റിസർച്ച് അസ്സിസ്റ്റന്റിന് കുറഞ്ഞത് രണ്ടു വർഷത്തെയും പ്രവൃത്തി പരിചയം ആവശ്യമാണ്. ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്‌സി/ എം.സി.എ/ ബി.വോക്/ എം.വോക് ബിരുദധാരികൾക്ക് https://icfoss.in മുഖേന ഓഗസ്റ്റ് 14വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽവിവരങ്ങൾക്ക്: 0471 2700012/13/14, 0471 2413013, 9400225962.