വിജ്ഞാന കേരളം: ചേർത്തല മൈക്രോ തൊഴിൽ മേള ജൂൺ 14 ന്, 20 കമ്പനികളിലായി 9000 ഒഴിവുകൾ
സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേർത്തല നഗരസഭയും ചേർന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴിൽ മേള ജൂൺ 14 ന് രാവിലെ 9.30 മുതൽ ചേർത്തല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 20 കമ്പനികളിലായി 9000 ഒഴിവുകളാണ് ഉള്ളത്.
തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർഥികൾക്കായുള്ള രജിസ്ട്രേഷൻ നടപടികൾ നിലവിൽ നടന്നുവരികയാണ്. കേരള സർക്കാരിന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം(ഡിഡബ്ല്യൂഎംഎസ്) എന്ന ഓൺലൈൻ പോർട്ടലിലൂടെയാണ് ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടത്. ജില്ലയിലെ എല്ലാ ബ്ലോക്കുകളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. അതത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷൻ വഴിയും രജിസ്റ്റർ ചെയ്യാം. ജില്ലാ തലത്തിൽ നടന്ന മെഗാ തൊഴിൽ മേളയുടെ തുടർച്ചയായാണ് മൈക്രോ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. വരും മാസങ്ങളിൽ മറ്റു പ്രദേശങ്ങളിലും തൊഴിൽമേളകൾ സംഘടിപ്പിക്കും
മേള നടത്തുന്നതിന് മുന്നോടിയായി തയാറെടുക്കുന്നതിനായും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായും പ്രത്യേക പരിശീലന പരിപാടിയും വിജ്ഞാന കേരളത്തിന്റെ ഭാഗമായി നടത്തും.